കൊച്ചി: മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി).

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ, മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള കേസിലാണ് എസ്‌ഐടി നടപടികൾ വേഗത്തിലാക്കിയത്. മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർക്ക് എസ്‌ഐടി നോട്ടീസ് നൽകി.

ഹവാല ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് എസ്‌ഐടിയുടെ ആദ്യഘട്ട അന്വേഷണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ രേഖകളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് തുടർനടപടികളിലേക്ക് കടക്കുക.

അതേസമയം, ഇന്നലെ ഹസൻ വാരിസിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. മുഹമ്മദ് റിയാസുമായി യാതൊരു സാമ്പത്തിക ഇടപാടുമില്ലെന്നും, സുഹൃത്ത് മാത്രമാണെന്നും വാരിസ് മൊഴി നൽകി. ഇഡി ഉദ്യോഗസ്ഥർ മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മുൻപ് തന്നിൽ നിന്ന് മൊഴി എടുത്തതെന്നും ഇയാൾ ആരോപിച്ചു.

എന്നാൽ ഹസൻ വാരിസ് നൽകിയ പുതിയ സത്യവാങ്മൂലം മുഖവിലക്കെടുക്കില്ലെന്നാണ് ഇഡിയുടെ നിലപാട്. ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്നും, റെയ്ഡുകളിൽ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുമെന്നും ഇഡി വ്യക്തമാക്കി.

മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന ഇഡിയുടെ ശുപാർശയെ തുടർന്നാണ് സംസ്ഥാന സർക്കാർ എസ്‌ഐടിയെ നിയോഗിച്ചത്.