കൊച്ചി: അനധികൃത വാഹന മോഡിഫിക്കേഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. പൊതുജന സുരക്ഷയെ ബാധിക്കുന്ന ഒരു മോഡിഫിക്കേഷനും അനുവദിക്കരുതെന്നും കർശന പരിശോധന വേണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കോട്ടയം, കാസർഗോഡ് ജില്ലകളിൽ വലിയ ടയർ ഘടിപ്പിച്ച ജീപ്പുകൾ അപകടമുണ്ടാക്കിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമർശനം.
അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾ, റെഡ്-ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, മൾട്ടി കളർ ലൈറ്റുകൾ, വീൽ സ്പേസറുകൾ, അനുവദനീയ പരിധിക്കപ്പുറം വീതിയുള്ള ടയറുകൾ എന്നിവയ്ക്കെതിരെ കർശന നടപടി വേണമെന്നാണ് കോടതി ആവർത്തിച്ചത്.
ഓരോ നിയമലംഘനത്തിനും പ്രത്യേകം 5000 രൂപ വീതം പിഴ ചുമത്തണമെന്നും കോടതി നേരത്തെ നിർദേശിച്ചിരുന്നു. പത്തനംതിട്ടയിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് എത്തിയ, 6 നിയമലംഘനങ്ങളുള്ള താറിന് 5000 രൂപ മാത്രം പിഴയിട്ടതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.