കോഴിക്കോട്: മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പുതിയറ തിരുത്തിയാട് സ്വദേശി അജയ് (41) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു മരണം.

ഇന്നലെ രാവിലെ 10.24 ഓടെ ആർപി മാളിന് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന അജയ് പെട്ടെന്ന് ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഡ്രൈവർ ബ്രേക്ക് പ്രയോഗിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റു.

നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.