തിരുവനന്തപുരം: കെഎസ്ആർടിസി, സ്വകാര്യ ബസ് സർവിസുകളിൽ കർശന നിയന്ത്രണവുമായി സർക്കാർ. റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും തടയുന്നതിന്റെ ഭാഗമായി, ബസ് സർവിസുകൾക്കിടയിൽ ജിപിഎസ് വഴി നിരീക്ഷിക്കുന്ന നിർബന്ധിത സമയ ഇടവേളകൾ നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചു. നവംബർ ഒന്നുമുതൽ പുതിയ സംവിധാനം നിലവിൽ വരും.

കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് ഉൾപ്പെടുത്തുന്നതിനായി സ്വകാര്യ ബസ് ഉടമകളിൽ നിന്നും കെഎസ്ആർടിസിയിൽ നിന്നും റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റികൾ ട്രിപ്പ് ഷെഡ്യൂളുകൾ ശേഖരിച്ചു തുടങ്ങി. പുതിയ സംവിധാനം യാഥാർഥ്യമാക്കുന്നതിന് മുന്നോടിയായി റൂട്ടുകളിലെ കൃത്യവും സുരക്ഷിതവുമായ സമയക്രമം തയാറാക്കാൻ ഈ വിവരങ്ങൾ സോഫ്റ്റ് വെയറിലേക്ക് മാറ്റും. കേരള ബസ്, ബസ് ടൈം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി യാത്രക്കാർക്ക് തത്സമയ വിവരങ്ങൾ അറിയാൻ സാധിക്കും.

പുതിയ സംവിധാനമനുസരിച്ച് ഒരേ റൂട്ടിൽ സർവിസ് നടത്തുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ കർശനമായ സമയ ഇടവേള പാലിക്കേണ്ടതുണ്ട്. നഗരപ്രദേശങ്ങളിൽ അഞ്ച് മിനിറ്റും ഗ്രാമീണ പാതകളിൽ പത്ത് മിനിറ്റുമായിരിക്കും ചുരുങ്ങിയ ഇടവേള. യാത്രക്കാരെ കയറ്റുന്നതിനായുള്ള ബസുകളുടെ മത്സരയോട്ടവും അപകടകരമായ ഡ്രൈവിങ്ങും ഇതുവഴി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

ജിപിഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആപ്പുകൾ വഴിയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുമാണ് തത്സമയ ലൊക്കേഷനുകളും സമയക്രമവും നിരീക്ഷിക്കുക. നിലവിൽ സംസ്ഥാനത്ത് ഏകദേശം 7,000 സ്വകാര്യ ബസുകളും 4,468 കെഎസ്ആർടിസി ബസുകളുമാണ് സർവിസ് നടത്തുന്നത്. റോഡ് സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്നതിനാലാണ് കെഎസ്ആർടിസി ബസുകളെയും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റോഡ് അപകടങ്ങൾ കുറക്കുന്നതിനും ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനും പുതിയ പദ്ധതി സഹായിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നൻ പറഞ്ഞു.