പന്തീരാങ്കാവ്: പന്തീരാങ്കാവിൽ വയോധികയുടെ മാല പൊട്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാസർകോട് സ്വദേശി ഇബ്രാഹിം ഖലീൽ (42), മലപ്പുറം ആനക്കയം സ്വദേശി മുഹമ്മദ് ദിൽഷാദ് (23) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 30ന് ഈരാട്ടുകുന്ന് ഭാഗത്ത് വെച്ച് കൊടൽനടക്കാവ് എളാടത്ത് വിലാസിനിയുടെ സ്വർണമാലയാണ് ഇരുചക്രവാഹനത്തിലെത്തി പിടിച്ചുപറിച്ചത്. ഒന്നാം പ്രതി ഇബ്രാഹിം ഖലീൽ സമാന രീതിയിലുള്ള നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.
'ചായക്കട' എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട ഇരുവരും ഒരാഴ്ച മുൻപേ പ്ലാൻ ചെയ്താണ് മോഷണം നടത്തിയത്. കവർച്ചയ്ക്കായി ഇബ്രാഹിം ഖലീൽ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഒരു ഇരുചക്രവാഹനം മോഷ്ടിച്ച് രണ്ടു ദിവസം മുൻപ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചു.
സംഭവദിവസം രാവിലെ ആറോടെ ഒന്നാം പ്രതി ട്രെയിൻ മാർഗവും രണ്ടാം പ്രതി മറ്റൊരു സ്കൂട്ടറിലും കോഴിക്കോട് എത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കണ്ടുമുട്ടിയ ശേഷമാണ് മാല പൊട്ടിച്ചത്.
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികൾ അംഗങ്ങളായ വാട്സ്ആപ്പ് കൂട്ടായ്മകൾ നിരീക്ഷിച്ചാണ് പ്രതികളെ കുടുക്കിയത്. പന്തീരാങ്കാവ് എസ്.ഐ അർജുൻ അജിത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.