തിരുവനന്തപുരം: റേഷന്‍ വിതരണ രംഗത്ത് വന്‍ മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പേപ്പര്‍ കറന്‍സികള്‍ക്ക് പകരം ഡിജിറ്റല്‍ കറന്‍സിയും ഇവാലറ്റും ഉപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന 'സ്മാര്‍ട്ട് പിഡിഎസ്' (Smart PDS) പദ്ധതി കേരളമുള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നു. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത ചില ജില്ലകളിലാണ് ഈ പൈലറ്റ് പദ്ധതി ആരംഭിക്കുക.

എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) തുടങ്ങിയ സൗജന്യ റേഷന്‍ ലഭിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കാണ് ഈ പുതിയ ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുക. ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ മൊബൈല്‍ ഫോണിലെ ഇവാലറ്റിലേക്ക് ആ മാസത്തെ റേഷന്‍ വിഹിതത്തിനുള്ള തുക ഡിജിറ്റല്‍ കറന്‍സിയായി കേന്ദ്രം നേരിട്ട് അയച്ചുനല്‍കും.

റേഷന്‍ വിവരങ്ങള്‍ മുന്‍കൂട്ടി ഫോണില്‍ സന്ദേശമായി ലഭിക്കുകയും ചെയ്യും. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം ഈ ഇവാലറ്റ് വഴി തന്നെ തുക വ്യാപാരിക്ക് കൈമാറാം. ഈ തുക റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ എന്നതിനാല്‍ അഴിമതി തടയാനും ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനും സാധിക്കും. കൂടാതെ, കേന്ദ്ര സര്‍ക്കാര്‍ അരിയും ഗോതമ്പും നേരിട്ട് നിരീക്ഷിക്കുന്നതിനാല്‍ അളവില്‍ കൃത്രിമം കാണിക്കാനുള്ള പഴുതുകളും അടയും.

കര്‍ശനമായ ഇകെവൈസി വ്യവസ്ഥകളും വരുന്നു

സ്മാര്‍ട്ട് പിഡിഎസിനൊപ്പം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി കര്‍ശനമായ ഇകെവൈസി പരിശോധനകളും സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. തുടര്‍ച്ചയായി ആറുമാസത്തോളം റേഷന്‍ കൈപ്പറ്റാത്തവരുടെ കാര്‍ഡുകള്‍ താല്കാലികമായി മരവിപ്പിക്കും. എങ്കിലും ഇത്തരക്കാര്‍ക്ക് കാര്‍ഡ് പുനരുജ്ജീവിപ്പിക്കുന്നതിനായി 90 ദിവസത്തെ സാവകാശം ലഭിക്കും.

ഈ സമയപരിധിക്കുള്ളില്‍ കാര്‍ഡിലെ ഏതെങ്കിലും ഒരു അംഗം റേഷന്‍ കടയിലെത്തി ഇപോസ് മെഷീനില്‍ വിരലടയാളം നല്‍കി ഇകെവൈസി പൂര്‍ത്തിയാക്കിയാല്‍ കാര്‍ഡ് വീണ്ടും സജീവമാക്കാം. എന്നാല്‍, മുഴുവന്‍ അംഗങ്ങളും ഇകെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മുഴുവന്‍ റേഷന്‍ വിഹിതവും ലഭിക്കുകയുള്ളൂ. 90 ദിവസത്തിനകം ഇത് ചെയ്യാത്ത പക്ഷം കാര്‍ഡ് പൂര്‍ണ്ണമായി റദ്ദാക്കപ്പെടും.

പിന്നീട് പുതിയ അപേക്ഷ നല്‍കിയാല്‍ മുന്‍ഗണന ഇല്ലാത്ത വെള്ള കാര്‍ഡ് മാത്രമെ ലഭിക്കൂ. അര്‍ഹരല്ലാത്തവരെ ഒഴിവാക്കി അര്‍ഹരായവര്‍ക്ക് മാത്രം സൗജന്യ റേഷന്‍ ഉറപ്പാക്കുകയാണ് ഈ കര്‍ശന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത മാസം മുതല്‍ ഈ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും.