കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം വളത്തുങ്കൽ ആക്കോലിൽ സ്വദേശിനി വിസ്മയ (15), ബന്ധുവും കണ്ണനല്ലൂർ സ്വദേശിയുമായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇടിച്ചത്.

വ്യാഴാഴ്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിസ്മയ സ്കൂളിൽ എത്തിയിരുന്നില്ല. മയ്യനാട് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. വൈകിട്ട് 6 മണി കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് സ്കൂളിൽ എത്തിയിട്ടില്ലെന്ന് മാതാപിതാക്കൾ അറിഞ്ഞത്. തുടർന്ന് ഇരവിപുരം പൊലീസിൽ പരാതി നൽകി.

അഭിലാഷിനെ കാണാനില്ലെന്ന് കാണിച്ച് കണ്ണനല്ലൂർ പൊലീസിലും പരാതി ലഭിച്ചിരുന്നു.

രാത്രിയോടെയാണ് മരണവിവരം അങ്കമാലി സ്റ്റേഷനിൽ നിന്ന് ഇരവിപുരം പൊലീസിന് ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.