കൽപ്പറ്റ: വയനാട്ടിലെ വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്തതുമായി ബന്ധപ്പെട്ട അബ്കാരി കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു.

സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഞായറാഴ്ച ഉച്ച 12 മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റഡി.

എക്സൈസ് 4 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി 24 മണിക്കൂർ മാത്രം അനുവദിക്കുകയായിരുന്നു.

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ എസ്.ഐ.ടി നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് 138 കുപ്പികളിലായി 63 ലിറ്ററിലധികം വിദേശമദ്യം കണ്ടെത്തിയത്. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് പറയുന്നു.

അതേസമയം ജാമ്യാപേക്ഷയിൽ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേൾക്കും. മദ്യം കണ്ടെത്തിയ വീട് തന്റേതല്ലെന്നും ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാൽ 4 വർഷം മുൻപ് ലേലം ചെയ്തതാണെന്നുമാണ് ആന്റോയുടെ വാദം.