തിരുവനന്തപുരം: കേരള ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ കഴിഞ്ഞ പത്ത് വർഷമായി ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾക്ക് അയവുവരുത്തിക്കൊണ്ട് നോർത്ത് ബ്ലോക്കിലേക്കുള്ള 'സമരകവാടം' എന്നറിയപ്പെടുന്ന പ്രധാന കവാടം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഗേറ്റിന് മുന്നിൽ സ്ഥിരമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പൂർണമായും ഒരു വശത്തേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അധികാരമേറ്റയുടൻ സെക്രട്ടേറിയറ്റിലെ അനാവശ്യ നിയന്ത്രണങ്ങൾ എടുത്തുകളയുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ കർശന നിർദേശപ്രകാരം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സമരഗേറ്റ് തുറക്കാൻ നടപടിയുണ്ടായത്.
കഴിഞ്ഞ പത്ത് വർഷമായി ഭൂരിഭാഗം സമയവും അടഞ്ഞുകിടന്നിരുന്ന ഈ കവാടത്തിലൂടെയുള്ള പ്രവേശനം പൂർണമായും നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു. നോർത്ത് ബ്ലോക്കിന് പിൻവശത്തുള്ള കന്റോൺമെന്റ് ഗേറ്റ് വഴി മാത്രമായിരുന്നു ഇതുവരെ ആളുകൾക്ക് സെക്രട്ടറിയറ്റിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് ഭരണസിരാകേന്ദ്രം ജനങ്ങളിൽ നിന്നും പൂർണമായി ഒറ്റപ്പെടുത്തി അടച്ചിട്ടിരിക്കുകയാണെന്ന വലിയ രീതിയിലുള്ള രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നിരുന്നു. ജനങ്ങളുമായുള്ള അകലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ യുഡിഎഫ് സർക്കാരിന്റെ ഈ വേഗത്തിലുള്ള നടപടി.
മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഉൾപ്പെടെയുള്ള പ്രമുഖരുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത് ഈ നോർത്ത് ബ്ലോക്കിലാണ്. മുഖ്യമന്ത്രി വി.ഡി സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ ഓഫീസുകളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുന്ന കവാടമാണിത്. സമരഗേറ്റ് എന്നറിയപ്പെടുന്ന ഈ വഴി തുറന്നതോടെ സെക്രട്ടറിയറ്റിലെ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി എടുത്തുകളയുന്ന നടപടികൾക്കാണ് തുടക്കമായിരിക്കുന്നത്.