മലപ്പുറം: ഒരാഴ്ച മുൻപ് സ്വകാര്യ ടൂറിസ്റ്റ് ബസ് അപകടകരമായി വാഹനം പിന്നോട്ടെടുത്ത അതേ സ്ഥലത്ത് വീണ്ടും സമാന നിയമലംഘനം.

ആറുവരിപ്പാതയിലെ സ്വാഗതമാട്-ചെനയ്ക്കൽ ജങ്ഷനിലാണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് പുറകോട്ടെടുത്തത്. ഞായറാഴ്ച രാവിലെ തൃശ്ശൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് എൻട്രി പോയിന്റിലൂടെ സർവീസ് റോഡിലേക്ക് കയറാൻ അപകടകരമായി റിവേഴ്സ് എടുത്തത്.

പിന്നിൽ നിന്ന് മറ്റ് വാഹനങ്ങൾ അതിവേഗത്തിൽ വന്നുകൊണ്ടിരിക്കെയായിരുന്നു സാഹസം. എക്സിറ്റ് പോയിന്റും തൊട്ടടുത്തുള്ള എൻട്രി പോയിന്റും പിന്നിട്ട് ആറുവരിപ്പാതയിലൂടെ കുറച്ചുദൂരം മുന്നോട്ട് പോയ ശേഷമാണ് ബസ് നിർത്തി പിന്നോട്ടെടുത്തത്. തുടർന്ന് എൻട്രി പോയിന്റിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിച്ച് ചങ്കുവെട്ടി സ്റ്റോപ്പിലേക്ക് പോയി.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയും ഇതേ സ്ഥലത്ത് സ്വകാര്യ ടൂറിസ്റ്റ് ബസ് പുറകോട്ടെടുക്കാൻ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ബസ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കെഎസ്ആർടിസി ബസ് നിയമലംഘനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും കോട്ടയ്ക്കൽ എസ്എച്ച്ഒ ബിൻഷാദ് അലി അറിയിച്ചു.