കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ ഒന്നാം വാർഡിലെ പൂവത്താംകുന്നിൽ പരമേശ്വരന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ഗർത്തം ദിവസേന വലുതാകുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. 

ആദ്യം ചെറിയ കുഴിയായി കണ്ടുതുടങ്ങിയത് ഇപ്പോൾ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഗർത്തം രൂപപ്പെട്ടതിനു താഴെയുള്ള കിണറ്റിൽ മണ്ണും ചെളി വെള്ളവും പ്രവഹിച്ചതും സംശയം വർധിക്കാൻ കാരണമായിട്ടുണ്ട്.

പ്രശ്നത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ജിയോളജി വിഭാഗത്തിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജിയോളജിസ്റ്റുകൾ സ്ഥലം സന്ദർശിച്ചു. പ്രശ്നത്തിൽ ആശങ്കപ്പെടാനില്ലെന്നും തിങ്കളാഴ്ച റിപ്പോർട്ട് ഡിസാസ്റ്റർ മാനേജ്മെന്റിന് കൈമാറുമെന്നും അവർ അറിയിച്ചു.

എന്നാൽ ഗർത്തം രൂപപ്പെട്ട വീടിനു താഴെയുള്ള കൂരാച്ചുണ്ട്, കായണ്ണ പഞ്ചായത്തുകളിലെ 15 ഓളം കുടുംബങ്ങൾ ഭീതിയിലാണ് കഴിയുന്നത്. കുഴി വർധിക്കുന്നത് അപകടത്തിനു കാരണമാകുമെന്നാണ് നാട്ടുകാരുടെ സംശയം.

കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തി പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി ഇന്നലെ സ്ഥലം സന്ദർശിച്ചു.