പേരാമ്പ്ര: ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 16വര്‍ഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫോക്‌സോ കോടതി. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശി അബ്ദുല്‍ മിഹ്‌റാജിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ദേവന്‍ കെ.മനോജ് ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളിലായാണ് ശിക്ഷവിധിച്ചത്.

2019 ജൂണ്‍ മുതല്‍ 2024 വരെ ഉള്ള പല ദിവസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ പേരാമ്പ്രയിലെ വാടക വീട്ടുകളില്‍ വെച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ചും ലൈംഗിക അതിക്രമം നടത്തുകയും മൊബൈല്‍ ഫോണിലൂടെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്‌തെന്നാണ് കേസ്.

പേരാമ്പ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ മാരായ പി ഷമീര്‍, വിനീത് കുമാര്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 10സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.