കോഴിക്കോട്: പന്നിയങ്കര ഓവർബ്രിഡ്ജിന് താഴെ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 30-40 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ നാട്ടുകാർ കണ്ടത്.വിവരം ലഭിച്ച ഉടൻ പ്രദേശവാസികളും പൊലീസും സ്ഥലത്തെത്തി. പിന്നീട് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

ചുവപ്പും വെള്ളയും കള്ളികളുള്ള ടി-ഷർട്ടും വെളുത്ത മുണ്ടുമാണ് മരിച്ചയാൾ ധരിച്ചിരുന്നത്. മുഖത്തും ശരീരത്തിലും നിസ്സാര പരിക്കേറ്റ പാടുകളുണ്ട്. എന്നാൽ ഇത് അപകടം മൂലമാണോ അതോ മറ്റ് കാരണങ്ങളാണോ എന്നത് വ്യക്തമല്ല. സംഭവത്തിൽ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ തിരിച്ചറിയൽ രേഖകളോ ഇതുവരെ ലഭിച്ചിട്ടില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ. ആളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ ഉള്ളവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. റെയിൽവേ ട്രാക്കിൽ കണ്ടെത്തിയതിനാൽ അപകട സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.