തിരുവനന്തപുരം: ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്ന പിണറായി വിജയനറെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ നേര്‍ക്കാഴ്ച്ചയായ ധവളപത്രം കേവലമൊരു രാഷ്ട്രീയ രേഖയല്ലെന്നും മറിച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടത് സര്‍ക്കാരിന്റെ ധനദുര്‍വിനിയോഗത്തിന്റെ കണ്ണാടിയാണെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍.
6,000 കോടി ട്രഷറിയില്‍ ബാക്കിയുണ്ടെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. മെയ് 16ാം തീയതി രണ്ടായിരം കോടിയാണ് ഉള്ളത്. ഐ.ജി.എസ്.ടി ഗ്രാന്റും മറ്റ് കേന്ദ്ര വിഹിതങ്ങളും ചേര്‍ത്ത് പലപ്പോഴായി പണം വരുമെങ്കിലും, സര്‍ക്കാര്‍ നല്‍കാനുള്ള അടിയന്തര ബാധ്യതകള്‍ നിലനില്‍ക്കെ 6000 കോടി ഉണ്ടെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ധവളപത്രമെന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തേണ്ട എന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഇന്നലെ പറഞ്ഞു. ഞാന്‍ അങ്ങയോട് വളരെ വിനയത്തോടെ പറയട്ടെ, ഈ ധവളപത്രം എന്നത് ഉമ്മാക്കിയല്ല, നിങ്ങളുടെ മുന്നില്‍ വെച്ചിരിക്കുന്ന കണ്ണാടിയാണ്. 10 കൊല്ലത്തെ സാമ്പത്തിക മിസ്മാനേജ്‌മെന്റിന്റെ കൂടി കണ്ണാടിയാണ്. ഞങ്ങളാരെയും ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താറില്ല. നിങ്ങള്‍ ഇടക്ക് ആ കണ്ണാടി ഒന്ന് നോക്കണം' - മുഖ്യമന്ത്രി പറഞ്ഞു.
''നിയമസഭയിലെ ഒരു ജീനക്കാരന് ശമ്പളം 50,000 രൂപയുണ്ടെന്ന് സങ്കല്‍പ്പിക്കുക. അയാള്‍ക്ക് ശമ്പളം ലഭിച്ചു. അയാള്‍ പലചരക്ക് കടയിലും പാലിനും പത്രത്തിനും ഒക്കെയായി ഒരുപാട് പണം കൊടുക്കാനുണ്ട്. എന്നാല്‍, ഇയാള്‍ ഇവര്‍ക്കൊന്നും പണംകൊടുക്കാതെ എന്റെ കൈയില്‍ 50000 രൂപ ബാക്കിയുണ്ടെന്ന് പറഞ്ഞ് നടക്കുകയാണ്. കടക്കാര്‍ വാതില്‍ക്കല്‍ വന്നുനില്‍ക്കുമ്പോള്‍ വാതിലടച്ചിട്ട് എന്റെ കൈയില്‍ പണമുണ്ടെന്ന് പറയുന്നു. ഇതാണ് അവസ്ഥ''- ഉദാഹരണ സഹിതം മുഖ്യമന്ത്രി വ്യക്തമാക്കി.