മാനന്തവാടി: എക്സൈസ് റെയ്‌ഞ്ച് സംഘം കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി. കർണാടക ബംഗളൂരു ആന്ദ്രഹള്ളി സ്വദേശി അനിൽകുമാർ കെ (34), ബംഗളൂരു ചീമസന്ദ്ര സ്വദേശിനി ബിന്ദു (33) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും 4.248 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു. പ്രതികൾ സഞ്ചരിച്ച കെ എൽ41 എം എ 5334 നമ്പർ മാരുതി സ്വിഫ്റ്റ് കാർ എക്സൈസ് സംഘം തടഞ്ഞുനിർത്തി പരിശോധിച്ചത്. കൂപ്പ് ഉന്നതിയിലേക്ക് പോകുന്ന മൺറോഡിന് എതിർവശത്തുവെച്ച് നടത്തിയ ഈ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെടുത്തത്.
മാനന്തവാടി എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടർ ആർ അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടത്തെ ക്കുറിച്ചും കേരളത്തിലേക്ക് ഇത് ആർക്കൊക്കെ വേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ചും എക്സൈസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.