തിരുവനന്തപുരം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ യുവാവിനാണ് രോഗബാധ കണ്ടെത്തിയത്. ഇദ്ദേഹം അടുത്തിടെയാണ് സഊദി അറേബ്യയിൽ നിന്നും നാട്ടിലെത്തിയത്. മറ്റൊരു ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗലക്ഷണങ്ങൾ കണ്ട് സംശയം തോന്നിയത്. തുടർന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതോടെയാണ് എംപോക്സ് അഥവാ മങ്കിപോക്സ് രോഗബാധ കണ്ടെത്തിയത്.
കൂടുതൽ സ്ഥിരീകരണത്തിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ രോഗിയുടെ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്നുള്ള അന്തിമ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ. നിലവിൽ രോഗിയെ മെഡിക്കൽ കോളേജിലെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എംപോക്സ് വ്യാപകമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലോകാരോഗ്യ സംഘടന നേരത്തെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനുമുമ്പ്, 2024 സെപ്റ്റംബറിൽ യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിയായ 38-കാരനും കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചിരുന്നു.
എന്താണ് എംപോക്സ്?
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു പകർച്ചവ്യാധിയാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. എലികൾ, അണ്ണാനുകൾ, വിവിധയിനം കുരങ്ങുകൾ എന്നിവയിലാണ് പ്രധാനമായും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്