ദുബൈ : യു.എ.ഇയിൽ വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കിഴക്കൻ പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് മേഘാവൃതമാകാൻ സാധ്യതയുണ്ട്.
തീരദേശങ്ങളിലും ദ്വീപുകളിലും 36 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും പർവത മേഖലകളിൽ 33 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്തിയേക്കാം.
ഇന്ന് രാത്രിയിലും നാളെ രാവിലെയും തീരദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാൻ സാധ്യതയുള്ളതിനാൽ നേരിയ മഞ്ഞിനും സാധ്യതയുണ്ട്. തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ചിലപ്പോൾ 35 കിലോമീറ്റർ വരെ വേഗത പ്രാപിച്ചേക്കാം.
വരും ദിവസങ്ങളിലും ചൂടേറിയ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. ഇത് ഉൾപ്രദേശങ്ങളിൽ പൊടിക്കാറ്റിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെങ്കിലും ഒമാൻ കടലിൽ സ്ഥിതി ശാന്തമായിരിക്കും.