വനിതാ ഏഷ്യാകപ്പില്‍ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ ബംഗ്ലദേശിനെ 40 റൺസിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 149 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനെ ബംഗ്ലദേശിന് സാധിച്ചുള്ളൂ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക– പാക്കിസ്ഥാൻ മത്സരത്തിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികൾ. തുടർച്ചയായി ആറാം തവണയാണ് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലെത്തുന്നത്. ടൂർണമെന്റിന്റെ ഫോർമാറ്റ് ട്വന്റി20 ആയി മാറിയ 2012 മുതൽ ഇന്ത്യന്‍ ടീം എല്ലാ ഫൈനലുകളിലും കളിച്ചിട്ടുണ്ട്. 

ഓപ്പണര്‍ ഷെഫാലി വര്‍മയുടെ അര്‍ധ സെഞ്ചറിയിലാണ് ഇന്ത്യ 149 റണ്‍സെടുത്തത്. 40 പന്തില്‍ നിന്ന് നാലു ഫോറും മൂന്നു സിക്സറും സഹിതമാണ് ഷെഫാലിയുടെ ഇന്നിങ്സ്. പ്രതിക റവാലുമായി  50 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ ഷെഫാലി ഹര്‍മന്‍പ്രീത് കൗറുമായി ചേര്‍ന്ന് 33 റണ്‍സും കൂട്ടിച്ചേര്‍ത്തു. അവസാന ഓവറില്‍ ദീപ്തി ശര്‍മയുടെ ആറു പന്തില്‍ 13 റണ്‍സ് സ്കോറിങിന്‍റെ വേഗതകൂട്ടി. 

മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിന്റെ മുൻനിരയിലെ അഞ്ച് ബാറ്റർമാരും മികച്ച തുടക്കം കണ്ടെത്തിയെങ്കിലും ഇന്ത്യന്‍ ലക്ഷ്യത്തെ മറികടക്കാനുള്ള വേഗത ഇന്നിങ്സിനുണ്ടായില്ല. അതേസമയം, മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ബംഗ്ലാദേശിന്‍റെ കഥകഴിക്കുകയും ചെയ്തു. ദീപ്തി ശർമ്മ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നന്ദനി ശർമ്മ രണ്ടു വിക്കറ്റ് വീഴ്ത്തി. പ്രേമ റാവത്തും ശ്രീ ചരണിയും ഓരോ വിക്കറ്റ് വീതം നേടി.