മസ്കത്ത്: സംഘർഷാത്മകമായി തുടരുന്ന പശ്ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിൽ ചർച്ച നടക്കുന്നു. തിങ്കളാഴ്ച ഒമാനിലെ സലാലയിലാണ് ചർച്ചയുടെ വേദി. ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർക്ക് ഒപ്പം ഇറാഖ് സംഘവും പങ്കെടുക്കും. ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ചർച്ചക്കെത്തുമെന്നാണ് റിപ്പോർട്ട്. ചർച്ച നടക്കുന്ന കാര്യം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.ഹോർമുസ് കടലിടുക്ക് തുറക്കൽ അടക്കം വിഷയങ്ങളാണ് ചർച്ച ചെയ്യുകയെന്നാണ് റിപ്പോർട്ട്. ഒമാൻ കേന്ദ്രീകരിച്ച് നടന്ന നയതന്ത്ര നീക്കങ്ങൾക്കൊടുവിലാണ് ചർച്ചക്ക് സാധ്യത തെളിഞ്ഞത്. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതവും സുരക്ഷയും സംബന്ധിച്ച പ്രാദേശിക ഏകോപനമാണ് യോഗത്തിൽ പ്രധാന ചർച്ചയാകുക. അമേരിക്കയുടെ പരോക്ഷ പിന്തുണയും ചർച്ചക്കുണ്ടെന്നാണ് സൂചന.
ഹോർമുസ് കടലിടുക്കിന്‍റെ നിയന്ത്രണവും ഭാവി മാനേജ്മെന്‍റും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രാദേശിക പ്രശ്നങ്ങൾക്ക് മേഖലയിലെ രാജ്യങ്ങൾ തന്നെ പരിഹാരം കണ്ടെത്തണം എന്ന നിലപാടാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയുടെ പ്രതികരണത്തിൽനിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. കടലിടുക്കിലൂടെ താൽക്കാലിക കപ്പൽ പാത തുറക്കുന്നതിനും അടിയന്തരമായി മൈൻ നീക്കം ചെയ്യുന്നതിനും കപ്പൽ ഗതാഗതം എങ്ങനെ നിയന്ത്രിക്കണമെന്നതിൽ തുടർനടപടികൾ തീരുമാനിക്കുന്നതിനും ഇറാനും ഒമാനും തമ്മിൽ ധാരണയായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിനോട് ചേർന്നുകിടക്കുന്ന ജി.സി.സി രാജ്യങ്ങളെയും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തണമെന്ന ധാരണയും രൂപപ്പെട്ടിട്ടുണ്ട്. എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു പരിഹാരം ചർച്ചയിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം.