റിയാദ്: സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ ഈസ്റ്റ് വെസ്റ്റ് എണ്ണ പൈപ്പ് ലൈനിന് നേരെ ഡ്രോൺ ആക്രമണം. ഡ്രോണുകൾ പതിച്ച് നാശനഷ്ടമുണ്ടായതോടെ പൈപ്പ് ലൈനിലൂടെയുള്ള എണ്ണ വിതരണം താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തിൽ പൈപ്പ് ലൈൻ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാഖിൽ നിന്ന് എത്തിയ ഡ്രോണുകളാണ് പൈപ്പ് ലൈനിൽ പതിച്ചത്.റിയാദ്, മദീന മേഖലകളിലെ പൈപ്പ് ലൈനുകൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളും ആക്രമണ ശ്രമങ്ങളും ഉണ്ടായതായും താൽക്കാലികമായി എണ്ണ വിതരണം നിർത്തിയതായും സൗദി ഊർജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ചർച്ച; ഹോർമുസ് തുറക്കാൻ വഴിയൊരുങ്ങുമോ
അമേരിക്ക- ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടന്നപ്പോൾ സൗദി അറേബ്യ എണ്ണ കയറ്റുമതിക്ക് ഉപയോഗിച്ചിരുന്ന പ്രധാന പൈപ്പ് ലൈനിലാണ് ആക്രമണമുണ്ടായത്. പൈപ്പ് ലൈൻ വഴിയുള്ള എണ്ണ വിതരണം സൗദി നിർത്തിയത് ആഗോള എണ്ണ വിപണിയിലും ബാധിച്ചിട്ടുണ്ട്. എണ്ണ വിലയിൽ വർധനവുണ്ടായി. ഇതോടൊപ്പം സൗദിയുടെ എണ്ണ കയറ്റുമതി കുറയുന്നത് ക്ഷാമത്തിനും കാരണമായേക്കും. ഡ്രോണുകൾ പതിച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പൈപ്പ് ലൈൻ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇറാഖിൽ നിന്നെത്തിയ ഡ്രോണുകളാണ് നാശം വിതച്ചത്. ഹോർമൂസ് കടലിടുക്ക് അടഞ്ഞപ്പോൾ സൗദി ക്രൂഡ് ഓയിൽ വിതരണം നടത്തിയത് ഈ പൈപ് ലൈനിലൂടെയാണ്. ഹൂതി അനുകൂല സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.