ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍ കഴിഞ്ഞദിവസം രണ്ട് കുട്ടികളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടികള്‍ പ്രതിരോധ വാക്‌സിനെടുത്തിട്ടുണ്ട്.
കോളൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്ര പരിസരത്ത് ക്ഷേത്രത്തിന് സമീപമുള്ള അടുത്തടുത്ത വീടുകളിലെ കുട്ടികള്‍ക്കാണ് നായയുടെ കടിയേറ്റത്. രണ്ടും മൂന്നും വയസുള്ള കുട്ടികള്‍ വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെയായിരുന്നു നായ ആക്രമിച്ചത്.
പരിക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചിരുന്നു. കുട്ടികള്‍ നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഇന്നലെ രാവിലെ പ്രദേശവാസികളും വീട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചലില്‍ നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ജഡം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി അയച്ചത്.