ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്
ന്യൂയോർക്ക്: ഇറാനെതിരെ വീണ്ടും ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ അമേരിക്ക സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിൽ നടത്താനിരുന്ന വ്യോമാക്രമണത്തിൽ നിന്ന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് അമേരിക്ക പിന്മാറിയതെന്നും ട്രംപ് വെളിപ്പെടുത്തി. കരാറിലെത്താൻ ഇറാൻ അമേരിക്കയോട് യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ നടന്ന നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോണൾഡ‍് ട്രംപ്.
ഇറാൻ്റെ മനസ്സിൽ ആണവായുധം ഉണ്ടെന്നും അവരുടെ കൈവശം ആണവായുധം ഉണ്ടായിരിക്കാൻ അമേരിക്ക അനുവദിക്കില്ലെന്നും യുദ്ധം വളരെ വേഗത്തിൽ അവസാനിക്കാൻ പോകുന്നുവെന്നും ട്രംപ് പ്രതികരിച്ചു. "നമ്മൾ ഒരു നല്ല ജോലി ചെയ്തു. ഞങ്ങൾ അത് വളരെ വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ഞാൻ കരുതുന്നു, അവർക്ക് ഒരു ആണവായുധം ഉണ്ടാകില്ല, ഞങ്ങൾ അത് വളരെ നല്ല രീതിയിൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.യു എസ് കോൺഗ്രസിൽ നിന്ന് പ്രസിഡന്റിന് വ്യക്തമായ അംഗീകാരം ലഭിച്ചില്ലെങ്കിൽ ഇറാനെതിരായ യുഎസ് യുദ്ധം നിർത്തലാക്കണമെന്ന് ആവശ്യപ്പെടുന്ന വാർ പവേഴ്സ് പ്രമേയത്തിന് അനുകൂലമായി റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റ് ചൊവ്വാഴ്ച വോട്ട് ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ പരാമർശങ്ങൾ. നേരത്തെ റിപ്പബ്ലിക്കൻ സെനറ്റർ ബിൽ കാസിഡിയുടെ അപ്രതീക്ഷിത കൂറുമാറ്റത്തെത്തുടർന്ന് ഇറാനിലെ സൈനിക നടപടി അവസാനിപ്പിക്കാനുള്ള പ്രമേയം ചൊവ്വാഴ്ച സെനറ്റിൽ പാസായിരുന്നു. 50-നെതിരെ 47 വോട്ടുകൾക്കാണ് പ്രമേയം പാസായത്.
ഇതിനിടെ യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്ക് കൂടുതൽ സർപ്രൈസുകൾ കാത്തുവെച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.ഇതിനിടെ ഇറാനുമായുള്ള ചർച്ചകളിൽ കൂടുതൽ പുരോഗതി ഉണ്ടായതായി അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് പ്രതികരിച്ചു.
ൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന ആക്രമണം മാറ്റി വെയ്ക്കുന്നതായി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നിർദ്ദേശത്തിന് മറുപടി നൽകിയതായി ഇറാൻ പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിൻ്റെ പൊടുന്നനെയുള്ള സോഷ്യൽ മീഡിയ പ്രഖ്യാപനം പുറത്ത് വന്നത്. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ ഇറാനുമായി സംസാരിക്കുന്ന പശ്ചാത്തലത്തിൽ ആക്രമണം രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം.