പൂനൂർ: പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കട്ടിപ്പാറ സ്വദേശിനിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.
കട്ടിപ്പാറ ഇരൂൾ കുന്നുമ്മൽ സ്വദേശിനി ദിദുന റാം (27) ആണ് പരിക്കേറ്റത്. ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണം നൽകിവരികയാണ്.
ഇന്ന് രാവിലെ 9.15 ഓടെയാണ് അപകടം. ബാലുശ്ശേരി ഭാഗത്ത് നിന്ന് എത്തിയ കാർ ഏറെ ദൂരം മുമ്പ് തന്നെ തെറ്റായ ദിശയിലൂടെയാണ് സഞ്ചരിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നിയന്ത്രണം വിട്ട കാർ വേഗതയിൽ വന്ന് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയതോടെ കെട്ടിടം പൂർണമായും തകർന്നു.
അപകട സമയത്ത് കാത്തിരിപ്പ് കേന്ദ്രത്തിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും തൊട്ടുമുമ്പ് ബസിൽ കയറി പോയതിനാൽ വലിയ ദുരന്തം ഒഴിവായി. കാർ വരുന്നത് കണ്ട് കേന്ദ്രത്തിലുണ്ടായിരുന്ന മറ്റ് ചിലർ ഓടിമാറി രക്ഷപ്പെടുകയായിരുന്നു.