തൃശൂർ: കനത്ത മഴയിൽ സ്കൂൾ കായികമേളയുടെ നീന്തൽ മത്സരത്തിന്റെ വേദി തകർന്നു. അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക മേൽക്കൂരയാണ് തകർന്നത്.
നാല് കുട്ടികൾക്കും രണ്ട് രക്ഷിതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. വേദിയുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.
റിലേ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അപകടം. 14 ജില്ലകളിൽ നിന്നും വിദ്യാർത്ഥികൾ മത്സരത്തിനായി എത്തിയിട്ടുണ്ട്. എന്നാൽ വളരെ ചെറിയ ഷെഡുകൾ മാത്രമാണ് സംഘാടകർ തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്.
കായികമേളയുടെ നടത്തിപ്പ് തന്നെ പരാജയമാണെന്നും ആക്ഷേപമുണ്ട്. വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സമയത്ത് അവരെ ആശുപത്രിയിൽ എത്തിച്ചത് രക്ഷിതാക്കളാണ്. സംഘാടകരെ പരിസരത്ത് കണ്ടില്ലെന്നും അപകട സമയത്ത് വേദിയിലുണ്ടായിരുന്നവർ പറയുന്നു.