ദുബൈ: എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. മിനിബസ് ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് റോഡിന് നടുവില്‍ പെട്ടെന്ന് നിര്‍ത്തിയ ട്രക്കിലേക്ക് പിന്നാലെ വന്ന മിനിബസ് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ബസ് ഡ്രൈവര്‍ ആവശ്യത്തിന് ശ്രദ്ധിക്കാതിരുന്നതും സുരക്ഷിതമായ അകലം പാലിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമായത്.

അപകടവിവരം അറിഞ്ഞയുടന്‍ ട്രാഫിക് പട്രോളിംഗും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയതായി ദുബൈ പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സലേം ബിന്‍ സുവൈദാന്‍ അറിയിച്ചു. പരിക്കേറ്റ ഒന്‍പത് പേരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. നാല് പേര്‍ക്ക് നിസാര പരിക്കുകളുണ്ട്. പരിക്കേറ്റ എല്ലാവരെയും വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.