തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാൻ സിഎസ്ആർ ഫണ്ടിൽ നിന്ന് വീണ്ടും സഹായം. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 40 ലക്ഷം രൂപ നൽകി ബസ് സ്പോൺസർ ചെയ്യുന്നത്. തുക ഇന്ന് വൈകിട്ട് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറും.

സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി കെഎസ്ആർടിസി ഫ്ളീറ്റ് വികസിപ്പിക്കാൻ സ്വകാര്യ പങ്കാളിത്തം തേടുകയാണ്. 2000 പുതിയ ബസുകൾ നിരത്തിലിറക്കാനാണ് ലക്ഷ്യം.

ഇതനുസരിച്ച് വ്യക്തികൾ, സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, ക്ലബ്ബുകൾ എന്നിവർക്ക് ബസ് സ്പോൺസർ ചെയ്യാം. സിഎസ്ആർ ഫണ്ടും ഉപയോഗിക്കാം.

സ്പോൺസർമാർക്ക് 10 വർഷത്തേക്ക് ബസിൽ പേരും ബ്രാൻഡും പ്രദർശിപ്പിക്കാം, റൂട്ട് നിർദ്ദേശിക്കാം. ബസ് കെഎസ്ആർടിസി എംഡിയുടെ പേരിൽ രജിസ്റ്റർ ചെയ്യും, കോർപ്പറേഷന്റെ സ്ഥിരം ആസ്തിയാകും. അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ജീവനക്കാർ, ടിക്കറ്റ് വരുമാനം എല്ലാം കെഎസ്ആർടിസി വഹിക്കും.

ചരിത്രത്തിൽ ആദ്യമായി വ്യക്തിഗതമായി ബസ് സ്പോൺസർ ചെയ്തത് അങ്കമാലി മൂക്കന്നൂർ സ്വദേശി കെ.ടി ജോസ് ആണ്. 40 ലക്ഷം രൂപ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. അങ്കമാലി ഡിപ്പോയിൽ നിന്ന് അതിരപ്പിള്ളിയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന റൂട്ട് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

ഇതിന് മുൻപ് കോഴിക്കോട് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും 40 ലക്ഷം നൽകി മാതൃകയായിരുന്നു. കോഴിക്കോട് - പാലക്കാട് - മുത്തലമട - പറമ്പിക്കുളം റൂട്ടിൽ ബസ് ഓടിക്കാനായിരുന്നു അവരുടെ നിർദേശം.

നിലവിൽ 5300 ബസുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. എംഎൽഎമാർക്ക് ആസ്തി വികസന ഫണ്ടിൽ നിന്ന് 3 ബസ് വരെ വാങ്ങി നൽകാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.