കൊച്ചി: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ വിചാരണ തടയണമെന്ന പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി.
കേസിലെ പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ നൽകിയ ഹരജിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് തള്ളിയത്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
വയനാട് മുട്ടിലിൽ നിന്ന് മുറിച്ചുകടത്തിയ ഈട്ടിത്തടികൾക്ക് നിയമപരമായ രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 1.40 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കേസ് കൽപ്പറ്റ കോടതിയുടെ പരിഗണനയിലുള്ളതിനാൽ ചോറ്റാനിക്കര കോടതിയിലെ നടപടികൾ റദ്ദാക്കണമെന്നായിരുന്നു അഗസ്റ്റിൻ സഹോദരന്മാരുടെ ആവശ്യം. ഈ വാദം തള്ളിയാണ് കോടതി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചത്.
കൃത്യമായ രേഖകളില്ലാതെ മരം വിറ്റെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ വ്യവസായി നൽകിയ പരാതിയിലാണ് അമ്പലമേട് പൊലീസ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കേസെടുത്തത്. റോജി അഗസ്റ്റിനാണ് ഒന്നാം പ്രതി, ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയും.
വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കേസിൽ തീരുമാനമാകുന്നതുവരെ ചോറ്റാനിക്കര കോടതിയിലെ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി മജിസ്ട്രേറ്റ് കോടതിയും നേരത്തെ തള്ളിയിരുന്നു.