പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിൽ പ്രതി പിടിയിലായി.

പശ്ചിമ ബംഗാൾ സ്വദേശിയായ പ്രോവത് ദാസാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ബംഗാളിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമാണുള്ളതെന്നുമാണ് പ്രതിയുടെ മൊഴി. പ്രതിയുടെ ഗ്രാമത്തിൽ തന്നെയുള്ള പ്രോണിത (35), മകൾ ജോഹിത (4) എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രോവത് ദാസും പ്രോണിതയും പരിചയത്തിലായിരുന്നു. ഈ പരിചയം വെച്ചാണ് പ്രോണിത ഭർത്താവിനോട് പറഞ്ഞ് മകളെയും കൂട്ടി പ്രതിയുടെ കൂടെ അട്ടപ്പാടിയിലേക്ക് തിരിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതക കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ എന്നും പോലീസ് അറിയിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം നാളെ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

ഞായറാഴ്ചയാണ് അട്ടപ്പാടി ഭവാനിപ്പുഴയിലെ ചീരക്കടവിൽ മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യന്ത്രവാൾ ഉപയോഗിച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു.