കോഴിക്കോട്: സമയക്രമത്തെച്ചൊല്ലി നടുറോഡിൽ ഏറ്റുമുട്ടിയ ബസ് ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. ബേപ്പൂർ-മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന സെവൻ ഡേയ്സ് ബസിലെയും കോഴിക്കോട്-പെരുമണ്ണ റൂട്ടിൽ ഓടുന്ന സരോജിനി ബസിലെയും രണ്ട് ഡ്രൈവർമാരുടെയും ഒരു കണ്ടക്ടറുടെയും ലൈസൻസാണ് കോഴിക്കോട് ആർടിഒ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് തൊണ്ടയാടിന് സമീപമാണ് സംഘർഷമുണ്ടായത്. ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനുമാണ് നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ മൂവരും ഡ്രൈവർമാരുടെ പരിശീലന കേന്ദ്രത്തിൽ നിർബന്ധിത ക്ലാസുകളിൽ പങ്കെടുക്കണമെന്നും ആർടിഒ നിർദേശിച്ചു. ഇതിൽ ഒരു ബസിലെ കണ്ടക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
സംഘർഷത്തിൽ പരുക്കേറ്റ ജീവനക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ബസുകൾ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുകൂട്ടരും പരാതിയില്ലെന്ന് എഴുതി നൽകിയതോടെ പൊലീസിന് നടപടിയെടുക്കാനായില്ല.
സംഘർഷ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്. കാരണം കാണിക്കൽ നോട്ടീസ് നൽകി. ജീവനക്കാർ ഇന്നലെ ആർടിഒ മുമ്പാകെ ഹാജരായി വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. പെർമിറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ ആവശ്യപ്പെട്ട് വിശദമായ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.