കോഴിക്കോട്: ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൃഗങ്ങളില്‍ നിന്നുള്ള രോഗപ്പകര്‍ച്ച തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.

കോഴിക്കോട് ബാങ്ക് റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലെ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ഓഫീസിലാണ് കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര നഗരസഭ പരിധിയിലും സമീപ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ വവ്വാലുകളുടെ സാന്നിധ്യമുള്ള ഇടങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, പന്നി ഫാമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണവും ഫീല്‍ഡ്തല പരിശോധനകളും ആരംഭിച്ചു. മൃഗങ്ങളിലെ രോഗലക്ഷണങ്ങള്‍, വവ്വാലുകളുടെ സാന്നിധ്യം തുടങ്ങിയ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂം നമ്പറായ 0495 2762050 ല്‍ അറിയിക്കാം.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

* വവ്വാലുകള്‍ കടിക്കുകയോ അവയുടെ ഉമിനീര്, കാഷ്ഠം എന്നിവ കലരാന്‍ സാധ്യതയുള്ളതോ ആയ കാട്ടുപഴങ്ങളോ നിലത്തുവീണ പഴങ്ങളോ ഭക്ഷിക്കരുത്. 

* കിണറുകളില്‍ വവ്വാലുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ വലയിട്ട് സുരക്ഷിതമാക്കുകയോ വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുകയോ ചെയ്യുക. 

* വളര്‍ത്തുമൃഗങ്ങളില്‍ അസ്വാഭാവിക രോഗലക്ഷണങ്ങളോ മരണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമിലോ അടുത്തുള്ള മൃഗാശുപത്രിയിലോ അറിയിക്കുക. 

* മൃഗങ്ങളെ സ്വയം ചികിത്സിക്കാന്‍ ശ്രമിക്കരുത്. 

* രോഗബാധിത പ്രദേശങ്ങളില്‍ മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഗ്ലൗസ്, മാസ്‌ക് എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. 

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും നല്‍കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.