കൽപ്പറ്റ :വയനാട് ഡെയിലി: വയനാട് ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08.07.2026, ബുധൻ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ മേഘശ്രീ ഡി.ആർ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. കൂടാതെ ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ എന്നിവയ്ക്കും നാളെ അവധിയായിരിക്കും. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും ഈ അവധി ബാധകമല്ല.
ജില്ലയിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇനിയൊരു
അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരുമെന്നും കളക്ടർ അറിയിച്ചു. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. അവധി ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.