കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്തെ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ടുപേർ കൂടി പിടിയിൽ.
കേസിലെ രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു എന്ന ശരണ്യ, മൂന്നാം പ്രതി സഞ്ജു എന്നിവരെയാണ് വയനാട് പുൽപ്പള്ളിയിൽ നിന്ന് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ നാല് പ്രതികളും പിടിയിലായി.
ഒന്നാം പ്രതി സ്പാ ഉടമ ആലപ്പുഴ സ്വദേശി ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
OLX-ൽ മാനേജർ ജോലിയുടെ പരസ്യം കണ്ടാണ് യുവതി അഭിമുഖത്തിന് എത്തിയത്. ജോലി ലഭിച്ചുവെന്ന് പറഞ്ഞ് വൈകിട്ട് പാർട്ടിയുണ്ടെന്ന് വിളിച്ചുവരുത്തി ബിയറിലും ഐസ്ക്രീമിലും ലഹരി കലർത്തി നൽകി രണ്ട് ദിവസം തടങ്കലിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. തന്നെ ഏറ്റവും കൂടുതൽ ക്രൂരമായി പീഡിപ്പിച്ചത് ശരണ്യയാണെന്ന് യുവതി മൊഴി നൽകിയിരുന്നു. പീഡനദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി രക്ഷപ്പെട്ടത്. യുവതി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.