തിക്കോടി: തിക്കോടി ബൈപ്പാസിൽ വീണ്ടും ബസ് യാത്രക്കാരെ ഇറക്കിവിടാൻ ശ്രമം. ഇന്ന് രാവിലെ 11.30ന് വടകര - തലശ്ശേരി റൂട്ടിൽ സർവീസ് നടത്തിയ ബസിലാണ് സംഭവം. കൊയിലാണ്ടിയിൽ നിന്ന് തിക്കോടിയിലേക്ക് കയറിയ ശൈലേഷ് എന്നയാളെയും മറ്റ് രണ്ട് പ്രായമായവരെയുമാണ് തിക്കോടി ടൗണിന് സമീപം ബൈപ്പാസിൽ ഇറക്കാൻ ശ്രമിച്ചത്.
എന്നാൽ ഇവിടെ ഇറങ്ങാൻ യാത്രക്കാർ വിസമ്മതിച്ചു. റോഡിലെ ബ്ലോക്ക് കാരണമാണ് നന്തിയിൽ നിന്ന് ലിമിറ്റഡ് ബസ് ബൈപ്പാസിൽ കയറിയതെന്നും തിക്കോടിയിൽ തന്റെ കൂടെ പ്രായമായവർ ഉണ്ടെന്നും സർവീസ് റോഡിലൂടെ തന്നെ പോയി ഇറക്കേണ്ട സ്ഥലത്ത് ഇറക്കണമെന്നും ശൈലേഷ് ആവശ്യപ്പെട്ടു.
നേരത്തെ ഇതേ സ്ഥലത്ത് യുവതിയെ ഇറക്കിവിട്ടപ്പോൾ നാട്ടുകാർ കോണി വെച്ച് ഇറക്കേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. യാത്രക്കാർ ഒന്നിച്ച് ശബ്ദമുയർത്തിയതോടെ ജീവനക്കാർക്ക് വഴങ്ങേണ്ടി വന്നു. ബസ് പുറകോട്ടെടുത്ത് സർവീസ് റോഡിലൂടെ തിരികെ എത്തിച്ച ശേഷമാണ് യാത്രക്കാരെ ഇറക്കിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.