തിരുവമ്പാടി: പുല്ലുരാംപാറ സ്വദേശിയും മുൻ കായികതാരവും മികച്ച കായിക പരിശീലകനുമായിരുന്ന സി. കെ. സത്യൻ സാർ (55) നിര്യാതനായി.
പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ ആദ്യകാല പരിശീലകരിൽ ഒരാളായിരുന്ന സത്യൻ സാർ, കൂടരഞ്ഞിയുടെയും പരിസര പ്രദേശങ്ങളുടെയും കായിക വളർച്ചയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.
കൂടരഞ്ഞിയിൽ നടന്ന നിരവധി കായികമേളകളുടെ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെ ആത്മാർത്ഥമായ നേതൃത്വവും അർപ്പണബോധവുമുണ്ടായിരുന്നു. അത്ലറ്റിക്സ് പരിശീലനരംഗത്ത് അദ്ദേഹം പിന്തുടർന്ന വ്യത്യസ്തവും ഫലപ്രദവുമായ പരിശീലനരീതി മലബാർ സ്പോർട്സ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല, നമ്മുടെ നാടിന്റെ അനേകം കായികപ്രതിഭകൾക്കും പ്രചോദനമായി മാറി.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസിൽ പുലർച്ചെയുള്ള പരിശീലനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് കായിക അധ്യാപകരോടൊപ്പം സത്യൻ സാറും സ്ഥിരമായി പരിശീലനം നൽകിയിരുന്നു.
തുടർന്ന് കൂമ്പാറ ഗവൺമെന്റ് ട്രൈബൽ എൽ.പി. സ്കൂളിൽ കായിക അധ്യാപകനായി സേവനം ആരംഭിച്ച ശേഷം അവിടുത്തെ കുട്ടികളുടെ കായിക മികവിൽ ഉണ്ടായ ശ്രദ്ധേയമായ പുരോഗതി അധ്യാപകരും രക്ഷിതാക്കളും അംഗീകരിച്ചു.
ഒരു മികച്ച പരിശീലകൻ മാത്രമല്ല, കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകേകിയ ഗുരുവും കായികരംഗത്തിന് ജീവിതം സമർപ്പിച്ച വ്യക്തിത്വവുമായിരുന്നു സത്യൻ സാർ. അദ്ദേഹത്തിന്റെ അകാല വേർപാട് കായികരംഗത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും കൂടരഞ്ഞി നാടിനാകെയും തീരാനഷ്ടമാണ്.
ഭാര്യ: നിഷ - (കുവൈറ്റ്), മക്കൾ: തീർത്ഥ, തേജസ്
പ്രിയ സത്യൻ സാറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ശിഷ്യരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.