പാലക്കാട്: ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വീരമംഗലം ഉടുവങ്ങാട് സ്വദേശിയായ അബൂബക്കർ സിദ്ദീഖ് (33) ആണ് മരിച്ചത്.
ജൂൺ 20, ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ തൃക്കടീരി ബിഇഎം (BEM) സ്കൂളിന് സമീപമായിരുന്നു അപകടം. താൻ ഓടിച്ചിരുന്ന ജെസിബി കഴുകി വൃത്തിയാക്കുന്നതിനിടെ മോട്ടോറിൽ നിന്നും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. മോട്ടോറിലുണ്ടായ വൈദ്യുതി ചോർച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടം സംഭവിച്ച ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സിദ്ദീഖിനെ മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ മാങ്ങോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.