ദുബായ് : യുഎഇയിൽ ഈയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കടുത്ത ചൂടും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ദുർബലമായ ഉപരിതല മർദ്ദ വ്യവസ്ഥയും അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലുള്ള ഉയർന്ന മർദ്ദ വ്യവസ്ഥയുടെ സ്വാധീനവുമാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ അറബിക്കടലിലും ഒമാൻ ഉൾക്കടലിലും പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

തീരദേശങ്ങളിലും ദ്വീപുകളിലും താപനില 35 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ ചൂട് കൂടുതൽ ശക്തമായിരിക്കുമെന്നാണ് പ്രവചനം; ഇവിടെ താപനില 42 ഡിഗ്രി സെൽഷ്യസ് മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം.

മലയോര മേഖലകളിൽ താരതമ്യേന കുറഞ്ഞ താപനിലയായിരിക്കും അനുഭവപ്പെടുക. മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ദിശകളിൽ നിന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓർമിപ്പിച്ചു.