തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്ന് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ രാജിവെച്ചു. മേയർ വി.വി. രാജേഷ് രാജിക്കാര്യം സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.

ശ്രീലേഖയുടെ രാജിയോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി.

101 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് എൻഡിഎ അധികാരത്തിലെത്തിയത്. 51 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന എൻഡിഎയ്ക്ക് ഇപ്പോൾ അംഗബലം 50 ആയി. ബിജെപി കൗൺസിലർമാരുടെ എണ്ണം 49 ആയി കുറഞ്ഞു. ഇതിൽ ഒരാൾ നിലവിൽ ജയിലിലാണ്.

എൽഡിഎഫിന് 29 ഉം യുഡിഎഫിന് 20 ഉം അംഗങ്ങളാണുള്ളത്. ഒരു കോൺഗ്രസ് വിമതനും സ്വതന്ത്രനായി വിജയിച്ചിട്ടുണ്ട്.