പയ്യോളി: അയനിക്കാട് പോസ്റ്റാഫീസിന് സമീപംഅടച്ചിട്ട വീട്ടില്‍ വാതില്‍ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് മോഷണം. അയനിക്കാട് പള്ളിക്കു സമീപം വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ബൈക്കും മോഷണം പോയി.

അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം നടേമ്മല്‍ ആസ്യ വില്ലയില്‍ ഖദീജയുടെ വീട്ടിലാണ് മോഷണം നടന്നത്. ശനിപുലര്‍ച്ചെ രണ്ടോടെയാണ്‌സംഭവം. കഴിഞ്ഞ മൂന്നു ദിവസങ്ങ ളായി ഖദീജ ബന്ധുവീട്ടിലായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയെത്തിയ മോഷ്ടാവ് മുന്‍ ഭാഗത്തെവാതില്‍ പൂട്ട് തകര്‍ത്താണ് അകത്ത് കടന്നത്. അലമാരയും മറ്റും തുറന്ന് വസ്ത്രങ്ങളും മറ്റുംവാരിവലിച്ച് പുറത്തിട്ടു.

പുലര്‍ച്ചെ രണ്ടോടെ നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് പൊതുപ്രവര്‍ത്തകരായ നടേമ്മല്‍ ആനന്ദനും സഹോദരന്‍ അനൂപും ഉണരുകയും ആളില്ലാത്ത വീട്ടില്‍മങ്ങിയ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് അയല്‍ വാസികളെ കൂടി വിളിച്ചുണര്‍ത്തി വീട് വളഞ്ഞ് പയ്യോളി പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. അപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ അലമാര തകര്‍ത്ത് അകത്തുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

അയനിക്കാട് പള്ളിക്ക് സമീപം ഇയ്യോത്തുംകുറ്റി സജേഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു കെ എല്‍ 56 കെ 6700 നമ്പര്‍ഹീറോഗ്ലാമര്‍ ബൈക്ക്. ശനി പുലര്‍ച്ചെയാണ് സംഭവം. ഭാര്യാമാതാവിനെ കൊട്ടിയൂരി ലേക്ക് ബസ് കയറ്റുന്നതിനായി കൊണ്ട് വിട്ട് തിരിച്ച് 2.30 ഓടെ വീട്ട് മുറ്റത്തു വച്ചതായിരുന്നു. രാവിലെയോടെയാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്. മോഷണം സംബന്ധിച്ച് സജേഷ് പൊലീസില്‍ പരാതി നല്‍കി.പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്ത് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മൂന്നാമത്തെ വീട്ടിലാണ് മോഷണം നടക്കുന്നത്. തൊട്ടടുത്തുള്ള ആള്‍ താമസമില്ലാത്ത മറ്റ് രണ്ടു വീടുകളിലാണ് അന്ന് കള്ളന്‍ കയറിയത്. പ്രദേശത്ത് തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങള്‍ നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.