മോങ്ങം: മോങ്ങത്ത് ഗൃഹനാഥന് വെട്ടേറ്റ സംഭവം പ്രതി പൊലിസ് പിടിയിൽ. മോങ്ങം അധികാരത്ത് പറമ്പിൽ സൈതലവിക്കാണ് വെട്ടേറ്റത്. സംഭവത്തിൽ താഴേ മോങ്ങം സ്വദേശി പടിഞ്ഞാറ്റിൽ ശിവദാസനെ (60) പൊലിസ് കസ്റ്റഡിയിലെടുത്തു. താഴെ മോങ്ങം അങ്ങാടിയിൽ ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം.
അങ്ങാടിയിലെ വാടക സ്റ്റോറിന് മുൻവശത്ത് കസേരയിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന സൈതലവിയെ കത്തിയുമായെത്തിയ ശിവദാസൻ വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു. ഇദ്ദേഹത്തിന് തലക്കും മുഖത്തും നെറ്റിയിലും കൈയിനുമെല്ലാം വെട്ടേറ്റു. സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് പ്രതിയെ പിടിച്ചുമാറ്റിയത്.
യാതൊരു പ്രകോപനവുമില്ലാതെ പ്രതി നേരിട്ട് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. സാരമായി പരുക്കേറ്റ സൈതലവിയെ മോങ്ങത്തെയും കൊണ്ടോട്ടിയിലെയും സ്വകാര്യ ആശുപത്രികളിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതിയെ കൊണ്ടോട്ടി പൊലിസ് വീട്ടിൽവച്ച് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ബി.എൻ.എസ്.എസ് 170 വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സൈതലവിക്ക് ഒരു കൊല്ലം മുമ്പും വീട്ടിൽവച്ച് അജ്ഞാതന്റെ വെട്ടേറ്റിരുന്നു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ആ സംഭവത്തിന് ശേഷം പരുക്കിൽനിന്ന് മുക്തനായി വരുന്നതിനിടെയാണ് വീണ്ടും വെട്ടേൽക്കുന്നത്.