കണ്ണൂർ: ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി. കണ്ണൂർ പാനൂർ സ്വദേശിയുടെ 25 ലക്ഷം രൂപ അയൽവാസി തന്നെ തട്ടിയെടുത്തെന്നാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പാനൂർ വിളങ്ങാട് സ്വദേശിയായ സുന്ദരനാണ് ഈ തട്ടിപ്പിന് പിന്നിൽ.

അയൽവാസിയായ ദാമോദരനിൽ നിന്നാണ് ഇയാൾ വിവിധ ഘട്ടങ്ങളിലായി പണം തട്ടിയെടുത്തത്. കേന്ദ്രസർക്കാരിൽ ഉയർന്ന സ്വാധീനമുണ്ടെന്നും ദാമോദരന്റെ മകന് ആദായ നികുതി വകുപ്പിൽ ജോലി വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിന്റെ ഭാഗമായി ഐഎഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് രണ്ട് പേർ ദാമോദരനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ മുഖ്യപ്രതിയായ സുന്ദരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.