കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 1,120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 1,11,960 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,995 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

ഇന്നലെ പവന് 640 രൂപ ഉയർന്ന് 1,13,080 രൂപയിലെത്തിയ ശേഷമാണ് ഇന്ന് കനത്ത ഇടിവുണ്ടായത്. ചൊവ്വാഴ്ച രണ്ട് തവണയാണ് വില മാറിയത്. രാവിലെ ഗ്രാമിന് 15 രൂപ ഉയർന്ന് 14,185 രൂപയിലെത്തിയെങ്കിലും ഉച്ചയോടെ 130 രൂപ ഇടിഞ്ഞ് 14,055 രൂപയായി. പവൻ 1,12,440 രൂപയിലേക്ക് താഴ്ന്നിരുന്നു.

വിലയിലെ തുടർച്ചയായ ഏറ്റക്കുറച്ചിൽ ഉപഭോക്താക്കളെയും ജ്വല്ലറി വ്യാപാരികളെയും ആശങ്കയിലാക്കി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് അസ്ഥിരതയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

ഈ വർഷം ജനുവരി 29നാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത് - പവന് 1,31,160 രൂപ.