കൊച്ചി: എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം.

അർജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എസ്.ഐ.ടി റിപ്പോർട്ടർ ഹെഡ് ഓഫീസിൽ 21 മണിക്കൂർ നീണ്ട പരിശോധന നടത്തിയതിന് പിന്നാലെയാണ് എക്സൈസിന്റെ നീക്കമുണ്ടായത്. പരിശോധനയിൽ കുറ്റകരമായ ഒന്നും കണ്ടെത്തിയിരുന്നില്ല.

എസ്.ഐ.ടി സംഘം പുലർച്ചെ 2.30ന് മടങ്ങുന്നതിന് തൊട്ടുമുമ്പ് വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം ഓഫീസിലെത്തി. തറവാട്ട് വീട്ടിൽ നിന്ന് മദ്യം പിടികൂടിയെന്നാരോപിച്ച് കേസുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും അറിയിക്കുകയായിരുന്നു. എഫ്.ഐ.ആറോ രേഖകളോ ഇല്ലാതെ രണ്ടര മണിക്കൂറോളം ഓഫീസിൽ തടഞ്ഞുവെച്ച ശേഷം പുലർച്ചെ 4.30ന് എഫ്.ഐ.ആർ കൈമാറി അറസ്റ്റ് രേഖപ്പെടുത്തി.

സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.