കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് അറസ്റ്റിൽ. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. ഗിരീഷാണ് അറസ്റ്റിലായത്. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം സി.പി. ജലീലും അറസ്റ്റിലായി.
മുക്കം സ്വദേശി സിറാജുദ്ദീനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് നടപടി. കേസിൽ ആകെ അഞ്ച് പ്രതികളാണുള്ളത്. എസ്ഐടി സംഘം ഇന്ന് രാവിലെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
2024 നവംബർ 26നാണ് ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായിരുന്നു. ഈ സംഘർഷത്തിൽ മെഡിക്കൽ കോളേജ് പൊലീസ് എഫ്ഐആർ 1168 ആയി രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ പൊലീസ് എടുത്തിട്ടുണ്ട്.