കണ്ണോത്ത്: പുതിയ അധ്യയന വർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ച് കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഹൈസ്കൂൾ തലത്തിലേക്ക് കടന്നുവന്ന നവാഗതരെ അധ്യാപകരും സഹപാഠികളും ചേർന്ന് ആവേശത്തോടെ വരവേറ്റു.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ നടന്ന പ്രാർത്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. റോഷിൻ മാത്യു സ്വാഗതം ആശംസിച്ചു. ഹൈസ്കൂൾ പഠനകാലം മികച്ച അനുഭവമാക്കി മാറ്റാൻ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.
സ്കൂൾ മാനേജർ റവ. ഫാ. ബിനു പുളിക്കൽ അധ്യക്ഷത വഹിച്ചു. കൗമാരക്കാരായ കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്കും ഉന്നത വിജയത്തിനും വിദ്യാലയവും രക്ഷിതാക്കളും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
വാർഡ് മെമ്പർ ശ്രീമതി. റീന ബിജു നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കുട്ടികളുടെ കലാ-കായിക കഴിവുകളെയും സർഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കാൻ വിദ്യാലയത്തിന് സാധിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. നവാഗതർക്കുള്ള സ്കൂളിന്റെ ഉപഹാര സമർപ്പണവും ഉദ്ഘാടക നിർവ്വഹിച്ചു.
പിടിഎ പ്രസിഡന്റ് ശ്രീ. അഭിലാഷ് ജേക്കബ്, സ്റ്റാഫ് പ്രതിനിധി ശ്രീ. രാജേഷ് മാത്യു, വിദ്യാർത്ഥി പ്രതിനിധി കുമാരി അയന സുനിൽ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ സ്വാഗതഗാനം ചടങ്ങിന് മിഴിവേകി. സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോസ് ജോസഫ് നന്ദി പറഞ്ഞു.
മധുരപലഹാര വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്. മധുരം നുകർന്നും സമ്മാനങ്ങൾ വാങ്ങിയും ആവേശത്തോടെ കുട്ടികൾ പുതിയ ക്ലാസ് മുറികളിലേക്ക് പ്രവേശിച്ചു.