കോഴിക്കോട്: ഹജ്ജ് 2027 തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. പാസ്‌പോർട്ട് യഥാസമയം ലഭിക്കാത്തതുമൂലം അപേക്ഷിക്കാൻ പ്രയാസപ്പെട്ടവർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് തീയതി ദീർഘിപ്പിച്ചത്. പുതുക്കിയ തീയതി പ്രകാരം 2026 ജൂലൈ 24-ന് പുലർച്ചെ 1.59 വരെ അപേക്ഷകൾ സമർപ്പിക്കാം. ഇതിനുശേഷം അപേക്ഷാ തീയതി നീട്ടി നൽകില്ലെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.
ഡിജിറ്റൽ നറുക്കെടുപ്പ് 30-ന്
തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള കമ്പ്യൂട്ടർ നറുക്കെടുപ്പ് (ഖുറ) ജൂലൈ 30-ന് രാവിലെ 11 മണിക്ക് മുംബൈ ഹജ്ജ് ഹൗസിൽ നടക്കും. പൊതുജനങ്ങൾക്ക് www.hajcommittee.gov.in എന്ന വെബ്സൈറ്റിലൂടെ നറുക്കെടുപ്പ് തത്സമയം കാണാം. തിരഞ്ഞെടുക്കപ്പെട്ടവരുടെയും വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെയും വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും. അപേക്ഷകർക്ക് എസ്.എം.എസ് വഴിയും വിവരം ലഭിക്കും