തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം. പ്രധാന അലോട്ട്‌മെന്റുകളില്‍ സീറ്റ് ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും ജൂലൈ 15 വൈകിട്ട് അഞ്ചുവരെ വെബ്‌സൈറ്റിലൂടെ (https://hscap.kerala.gov.in) അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷിക്കേണ്ടത് എങ്ങനെ?
ഇതുവരെ സീറ്റ് കിട്ടാത്തവര്‍- കാന്‍ഡിഡേറ്റ് ലോഗിനിലെ 'RENEW APPLICATION' ലിങ്കില്‍ കയറി നിലവിലെ ഒഴിവുകള്‍ക്കനുസരിച്ച് പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ പുതുക്കുക.
പുതുതായി അപേക്ഷിക്കുന്നവര്‍- വെബ്‌സൈറ്റില്‍ 'Create Candidate Login-SWS' വഴി പുതിയ ലോഗിന്‍ ഉണ്ടാക്കിയ ശേഷം 'APPLY ONLINE' വഴി അപേക്ഷിക്കണം.
പിഴവുകള്‍ തിരുത്തേണ്ടവര്‍: നേരത്തെ നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടായതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ക്ക്, 'RENEW APPLICATION' വഴി തെറ്റുകള്‍ തിരുത്തി അപേക്ഷ പുതുക്കാം.
നേരത്തെ പ്രവേശനം നേടിയവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം എടുക്കാത്തവര്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷിക്കാന്‍ അനുവാദമില്ല. ഒഴിവുള്ള സ്‌കൂളുകളുടെയും കോമ്പിനേഷനുകളുടെയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മെറിറ്റ് സീറ്റുകള്‍ക്കൊപ്പം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.