കണ്ണൂർ: ആറളത്ത് ഭീതി വിതയ്ക്കുന്ന കണ്ണൂർ മഖ്ന വൺ (കെ.എം-1) എന്ന മോഴയാനയെ പിടികൂടാനുള്ള 'ഓപ്പറേഷൻ മഖ്ന' ദൗത്യം വനംവകുപ്പ് ഊർജിതമാക്കി.
ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ നിരവധി ആളുകളുടെ ജീവനെടുക്കുകയും വീടുകൾക്കും കൃഷിയിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കാട്ടാന നിലവിൽ ഉൾവനത്തിലാണ്. വനംവകുപ്പ് ഡ്രോണുകളും റേഡിയോ കോളറും ഉപയോഗിച്ച് ആനയെ നിരീക്ഷിച്ചു വരികയാണ്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന മുറയ്ക്ക് മയക്കുവെടി വെക്കാനാണ് പദ്ധതി.
ആനയെ പിടികൂടാൻ ജൂലൈ അവസാനത്തോടെ ആരംഭിച്ച ദൗത്യത്തിന് ഇപ്പോഴാണ് മയക്കുവെടി വെക്കാനുള്ള ഉത്തരവ് ലഭിച്ചത്. മയക്കുവെടി വെച്ച ശേഷം ആനയെ പാർപ്പിക്കാനായി വയനാട് മുത്തങ്ങയിൽ പ്രത്യേക ക്രോൾ നിർമിച്ചിട്ടുണ്ട്.
ദൗത്യത്തിനായി ഭരത്, വിക്രം, ഉണ്ണികൃഷ്ണൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് ആറളം വന്യജീവി സങ്കേതത്തിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ നാലുപേരുടെ ജീവനെടുത്ത വിക്രമും രണ്ടുപേരുടെ ജീവനെടുത്ത ഭരതും ഒരുകാലത്ത് വയനാടിനെ വിറപ്പിച്ച കാട്ടാനകളായിരുന്നു. പിന്നീട് ഇവയെ പിടിച്ച് മുത്തങ്ങയിൽ എത്തിച്ചാണ് കുങ്കിയാനകളാക്കി മാറ്റിയത്.
അതേസമയം കുങ്കിയാനകളുടെ ഗന്ധം തിരിച്ചറിയാൻ കഴിവുള്ള കണ്ണൂർ മഖ്ന, അവയുടെ സാന്നിധ്യം മനസ്സിലാക്കിയാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങാതെ കൂടുതൽ ഉൾവനത്തിലേക്ക് മാറാൻ സാധ്യതയുള്ളത് ദൗത്യത്തിന് വെല്ലുവിളിയാണ്.
ഒൻപത് വർഷങ്ങൾക്ക് മുൻപ് 'ചുള്ളിക്കൊമ്പൻ' എന്ന കാട്ടാനയെ പിടികൂടിയതിന് ശേഷം കണ്ണൂരിൽ നടക്കുന്ന ഏറ്റവും വലിയ ആനദൗത്യമാണിത്.