ന്യൂഡല്‍ഹി :ഗാര്‍ഹിക എല്‍ പി ജി സബ്സിഡി തടസ്സമില്ലാതെ ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ ഒക്ടോബര്‍ ഒന്നിനകം ബയോമെട്രിക് ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
നിലവില്‍ 27.43 കോടിയിലധികം ഉപഭോക്താക്കള്‍ ഇതിനോടകം തന്നെ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഇവര്‍ക്ക് പഴയതുപോലെ സിലിന്‍ഡറുകള്‍ ബുക്ക് ചെയ്യാനാകും. എന്നാല്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക്, ആധാര്‍ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സബ്സിഡി നിരക്കില്‍ സിലിന്‍ഡര്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ.
സിലിന്‍ഡര്‍ ഡെലിവറി സമയത്ത് ഒ എം സി മൊബൈല്‍ ആപ്പ് വഴിയോ, വിതരണക്കാരുടെ ഷോറൂമുകള്‍ സന്ദര്‍ശിച്ചോ, അതത് കമ്പനികളുടെ ആപ്പുകള്‍ വഴിയോ ഇത് പൂര്‍ത്തിയാക്കാവുന്നതാണ്.
അര്‍ഹരായവര്‍ക്ക് മാത്രം സബ്സിഡി ലഭ്യമാക്കാനും, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഗാര്‍ഹിക സിലിന്‍ഡറുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.