മലപ്പുറം :ചോക്കാട് പൂക്കോട്ടുംപാടം കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

കോട്ടപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വണ്ടൂർ സ്വദേശിയുടേതെന്ന് കരുതുന്ന മൃതദേഹവും കരുവാരക്കുണ്ട് സ്വദേശിയുടെ മൃതദേഹവുമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീക്കായി തിരച്ചിൽ തുടരുകയാണ്. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറിൽ നിരവധി ആളുകൾ എത്തിയ സമയത്താണ് കുന്നിൻ മുകളിൽ നിന്ന് വലിയ തോതിൽ വെള്ളം ഇരച്ചെത്തിയത്. അഞ്ചോളം പേരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്.

ഇടുക്കി വട്ടവട കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിൽ വീടിന്റെ ഷെഡിന് മുകളിലേക്ക് മണ്ണ് പതിച്ച് കൊട്ടക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ പെരുമാൾ (51), ചിന്നമ്മാൾ (38) എന്നിവർ മരിച്ചു. അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയത്ത് ഈരാറ്റുപേട്ട-വാഗമൺ റോഡിൽ തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ സ്കൂട്ടർ യാത്രികയായ ചെന്നൈ ജവഹർ നഗർ സ്വദേശി സംഗീത (35) മരിച്ചു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ അംഗമായിരുന്ന ഇവർ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് മണ്ണ് പതിക്കുകയായിരുന്നു, ഒപ്പമുണ്ടായിരുന്ന യുവതിയെ പരിക്കുകളോടെ രക്ഷപ്പെടുത്തി