തിരുവനന്തപുരം: മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തിന് പിന്നില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കഴിഞ്ഞ സര്‍ക്കാര്‍ പോകുന്ന പോക്കില്‍ ആ ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും, രണ്ട് മതവിഭാഗങ്ങളെ ശത്രുക്കളാക്കാനുള്ള ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് അന്നത്തെ സര്‍ക്കാര്‍ കൂട്ടുനിന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കഴിഞ്ഞ സര്‍ക്കാര്‍ പോണ പോക്കില്‍ ഒരു തീരുമാനമെടുത്തു. രണ്ടു മതവിഭാഗങ്ങളെ ശത്രുക്കളാക്കാനുള്ള ശ്രമമാണ് നടന്നത്. അതിന് അന്നത്തെ സര്‍ക്കാര്‍ കൂട്ടുനിന്നു. ഞങ്ങള്‍ നിങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നാണ് ഇവരെല്ലാവരും അവിടെ ചെന്ന് പറഞ്ഞത്. എന്നാല്‍ വഖഫ് ബോര്‍ഡ് പോണ പോക്കില്‍ മുനമ്പം ഭൂമി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. സാധാരണ വഖഫ് ഭൂമി രജിസ്റ്റര്‍ ചെയ്യുക അതിന്റെ മുത്തവല്ലിയാണ്. ഇവിടെ വഖഫ് ബോര്‍ഡ് തന്നെ അത് പോര്‍ട്ടലിലേക്ക് കൊടുത്തിരിക്കുകയാണ്. എന്താണ് അവരുടെ ഉദ്ദേശം? മുഖ്യമന്ത്രി ചോദിച്ചു.
വരുന്ന സര്‍ക്കാരിന് പണികൊടുക്കാനുള്ള ശ്രമമാണ് പഴയ സര്‍ക്കാര്‍ നടത്തിയത്. വഖഫ് ഭൂമി എന്ന് സ്ഥാപിച്ച് കഴിഞ്ഞാല്‍ പിന്നെ അവിടെയുള്ളവര്‍ കയ്യേറ്റക്കാരാണ്. പിന്നെ അവരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനും, കോടതിക്കും പാടായിരിക്കും. പുതിയ സര്‍ക്കാരിന് പത്ത് മിനുട്ട്‌കൊണ്ട് തീരുമാനം എടുക്കാതിരിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് നടത്തിയത്. എന്തിനാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മുന്‍ സര്‍ക്കാരിന്റെ ആളുകള്‍ പറയണം,' മുഖ്യമന്ത്രി പറഞ്ഞു.
"മാത്രമല്ല മുനമ്പത്ത് നിന്ന് താമസക്കാരെ കുടിയൊഴിപ്പിക്കില്ലെന്നും, അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് കുട പിടിക്കുകയാണ് സിപിഎം നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.